ഇരിട്ടി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകരുടെ കൂട്ടായ്മയായി ആരംഭിച്ച ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ആദ്യ എക്സ്ക്ലൂസിവ് ഫാക്ടറി ഔട്ട്ലെറ്റ് നാളെ ഉദ്ഘാടനം ചെയ്യും. ഇരിട്ടി കല്ലുമുട്ടി ടേസ്റ്റി ഹാങ്ങ്ഔട്ട് കോമ്പൗണ്ടില്‍ ഉച്ച കഴിഞ്ഞ് രണ്ടിന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും.
പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാർ അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. സിബി പാലാക്കുഴി, മോൺ. ആന്റണി മുതുകുന്നേൽ, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർ പങ്കെടുക്കും. ജാതിക്ക, ഏലക്ക, കറുവപ്പട്ട, ഗ്രാന്പൂ തുടങ്ങി പന്ത്രണ്ട് സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന കറിമസാലകൾ, ചായപ്പൊടി, പുട്ടുപൊടി തുടങ്ങി ബയോമൗണ്ടന്‍ കന്പനി ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉത്പന്നങ്ങളും ഫാക്ടറി ഔട്ട്ലെറ്റില് ലഭിക്കും.
എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ ഔട്ട്ലെറ്റ് പ്രവർത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഫാ.ബെന്നി നിരപ്പേല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഫാ. ജയ്സ് കുരിശുംമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.